ബാലഗോകുലത്തിന്റെ ചരിത്രം

1953 മാര്‍ച്ച് ഒന്നാം തിയ്യതി പുറത്തിറങ്ങിയ കേസരിയിലാണ് ബാലഗോകുലം ഒരു പംക്തിയായി ആരംഭിച്ചത്. ചിന്തകനും ദാര്‍ശനികനുമായ പി.പരമേശ്വരനാണ് കഥകളിലൂടെ സംസ്‌കാരം പകര്‍ന്നു നല്‍കുന്നതിനൊപ്പം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും ഗോപിച്ചേട്ടന്‍ എന്ന പേരില്‍ പംക്തി കൈകാര്യം ചെയ്തിരുന്നത്.

കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുകയും അവരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പംക്തിയ്ക്ക് നൈരന്തര്യം ഉണ്ടായത് 1970 കളുടെ തുടക്കത്തിലാണ്. അതിനു മുമ്പു തന്നെ കുട്ടികളുടെ അംഗത്വം നിശ്ചയിക്കുകയും പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നെങ്കിലും 1973 ജനുവരി ലക്കത്തിലാണ് അതിനുള്ള ഫോറം പ്രസിദ്ധീകരിച്ചത്.

ഗോപിച്ചേട്ടന്റെ ഒരു കത്തില്‍ ഇങ്ങനെ എഴുതി:

‘ഗോപിച്ചേട്ടന്‍ ഒരു നിര്‍ദ്ദേശം വെക്കുകയാണ്. ഈ വിധം കേസരിയുമായി ബന്ധപ്പെട്ടവരും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നതുമായ കൂട്ടുകാരെ ഉള്‍പ്പെടുത്തി അതാതു പ്രദേശത്ത് ഒരുമിച്ചു ചേര്‍ത്ത് കുട്ടികളുടെ ഒരു കൂട്ടായമ ഉണ്ടാക്കുന്നത് നല്ലതല്ലേ? ഈ കൂട്ടുകാരെ വിളിച്ചു ചേര്‍ക്കാന്‍ കഴിവുള്ള ഒരാള്‍ ഒരു ഞായറാഴ്ച അവരെ ഒന്നിച്ചു ചേര്‍ത്ത് അവരവര്‍ എഴുതിക്കൊണ്ടു വന്ന കഥ, കവിത എന്നിവ അവതരിപ്പിക്കാം. പ്രസംഗിക്കാനും പാടാനും കഴിവുള്ളവര്‍ അത് ചെയ്യുക ഇങ്ങനെ അവരവരുടെ കലാവാസനയും കഴിവും പ്രകടിപ്പിക്കുക. അങ്ങനെ ഒരു സാംസ്‌കാരിക കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക.’

മാർഗ്ഗദർശി

അന്ന് കേസരി പത്രാധിപരായിരുന്ന എം.എ. കൃഷ്ണനാണ് ഈ കുറിപ്പ് എഴുതിയത്. ചരിത്രം രചിച്ച ഒരു കുറിപ്പായിരുന്നു അത്. അതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികരണമുണ്ടായി.

ആദ്യമായി ബാലഗോകുലം യൂനിറ്റ് തുടങ്ങിയത് കോഴിക്കോട് കാരപ്പറമ്പിലാണ്. 1972 ഒക്ടോബറില്‍ നവരാത്രികാലത്തെ ഞയറാഴ്ചയാണ് കാരപ്പറമ്പ് ശിവാജി ബാലഗോകുലം തുടങ്ങിയയത്. 17 കുട്ടികള്‍ അന്നുണ്ടായിരുന്നു. കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തിയിരുന്ന രാജന്റെ ഉത്സാഹത്തിലും മുതിര്‍ന്ന സ്വയം സേവകന്‍ പി ബാലഗോപാലന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും തുടങ്ങിയ ഗോകുലത്തില്‍ എം.എ. കൃഷ്ണനും പങ്കെടുത്തു. വയലില്‍ സാരഞ്ജിനി എന്ന വീട്ടിലായിരുന്നു ഗോകുലം നടന്നത്. പിന്നീട് എരഞ്ഞിപ്പാലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തിലേക്ക് മാറ്റി. കുട്ടികളെ വിളിച്ചു കൂട്ടി എല്ലാ ഞായറാഴ്ചയും കഥ പറച്ചിലും കവിത ചൊല്ലലും മറ്റു പരിപാടികളുമായി ക്ലാസ് നടന്നു. സംഘ പ്രചാരകനായ പി.രാമചന്ദ്രന്‍, പി.കെ.സുകുമാരന്‍ എന്നിവര്‍ കഥ പറഞ്ഞു കൊടുക്കാന്‍ വന്നിരുന്നു.

ഇതേ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോകുലം യൂനിറ്റുകള്‍ ആരംഭിച്ചു. കോഴിക്കോട്ടു തന്നെ നടക്കാവ്, തളി, കണ്ണൂരില്‍ മാടായി, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, അരിയല്ലുര്‍, വടക്കാഞ്ചേരി, എറണാകുളം ജില്ലയില്‍ ഏലൂര്‍, ചൊവ്വര, ആലുവ, പെരുമ്പാവൂര്‍, ആലപ്പുഴ ജില്ലയില്‍ പുന്നപ്ര കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി തിരുവനന്തപുരം ജില്ലയില്‍ വഞ്ചിയൂര്‍, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ബാലഗോകുലങ്ങള്‍ ആരംഭിച്ചു.

1974 ആഗസ്റ്റ് 18ലെ കേസരിയില്‍ ഗോപിചേട്ടന്റെ കത്തില്‍ കയ്യെഴുത്തു മാസികക്ക് സമ്മാനം നല്‍കാനും പുതിയ യൂനിറ്റ് തുടങ്ങാനും നിര്‍ദ്ദേശമുണ്ടായി. വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനമുണ്ടായെങ്കിലും അവയ്ക്ക് ഒരു പൊതുസ്വഭാവമോ സംഘടനാ ചട്ടക്കൂടോ ഉണ്ടായിരുന്നില്ല. അത്തരമൊരു വ്യവസ്ഥ രൂപപ്പെടുന്നതിനു മുമ്പ് 1975 ജൂണ്‍ 25 ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. മിസ പട്ടികയില്‍ ഉള്‍പ്പെട്ട എം.എ. സാര്‍ ഒളിവില്‍ പോയി. അടിയന്തരാവസ്ഥയുടെ നടുവിലായിരുന്നു കേസരിയുടെ രജത ജൂബിലി. ബാലഗോകുലം കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിനു മികവേറ്റി. കേസരി രജത ജൂബിലി ആഘോഷത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് ബാലഗോകുലത്തിന്റെ അരങ്ങേറ്റമായിരുന്നു.

ബാലഗോകുലം രൂപപ്പെട്ടത് ഇരുള്‍ നിറഞ്ഞ ദിനങ്ങളിലായിരുന്നു. അടിയന്തിരാവസ്ഥവരെ എത്തിയ രാഷ്ട്രീയതിമിരം ജനതയെ ഭയപ്പെടുത്തി നിശബ്ദരാക്കിക്കൊണ്ടിരുന്നു. പൂര്‍വ സുകൃതങ്ങളെ പുച്ഛിച്ചുതള്ളുന്ന പൈതൃകനിന്ദയുടെ പ്രത്യയശാസ്ത്രം ചെറുപ്പക്കാരെ വശീകരിച്ചുകഴിഞ്ഞിരുന്നു. ധര്‍മ്മാധര്‍മ്മചിന്തകളൊന്നും ആരെയും അലട്ടിയിരുന്നില്ല. ഉപഭോഗത്തിനപ്പുറം മനുഷ്യജീവിതത്തിന് ലക്ഷ്യങ്ങളുണ്ടെന്ന് പാഠശാലകള്‍ പഠിപ്പിച്ചിരുന്നില്ല. ഏതാനും വൃദ്ധജനങ്ങളുടെ വിചാരവും വിലാപവും മാത്രമായി കേരളസംസ്‌ക്കാരം തളര്‍ന്നു തുടങ്ങിയിരുന്നു. ഈ ഇരുളിന്‍മേലാണ് ഗോകുലനാളങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്.

കൊച്ചുകൈത്തിരികളായി അവ ഓരോ ഗ്രാമത്തിലും വെളിച്ചത്തിന്റെ ചെറുതുരുത്തുകള്‍ സൃഷ്ടിച്ചു. നാമം ചൊല്ലാനും നമസ്‌തേ പറയാനും ഗീത പഠിക്കാനും ഗോപൂജ ചെയ്യാനും മഞ്ഞപ്പട്ടും മയില്‍പ്പീലിയുമണിഞ്ഞു ശോഭായാത്ര നടത്താനും ശിബിരങ്ങളില്‍ പങ്കെടുക്കാനും പൊതിച്ചോറുകള്‍ പങ്കിട്ടുകഴിക്കാനും കിങ്ങിണികെട്ടിയ ബാല്യങ്ങള്‍ മുന്നോട്ടു വന്നു. കലോത്സവങ്ങളും ബാലമേളകളും കലായാത്രകളുമായി ഒഴുക്കു ശക്തമായി. വലിയ ബാലമഹാസമ്മേളനങ്ങള്‍ അരങ്ങേറി. സാംസ്‌ക്കാരികനായകരെല്ലാം വിവിധവേദികളില്‍ വന്നുനിന്നനുഗ്രഹിച്ചു. ഋഷികവികള്‍ മംഗളഗീതം ചൊല്ലി. അങ്ങനെ കേരളസമൂഹത്തില്‍ ബാലഗോകുലവൃക്ഷം വേരുറച്ചു വളര്‍ന്നു.

കുട്ടികളുടെ കവി കുഞ്ഞുണ്ണിമാഷായിരുന്നു ബാലഗോകുലത്തിന്റെ പൊതുമുഖമായി നിന്നത്. സ്വരൂപം ചെറുത് മുന്നോട്ട് വെയ്ക്കുന്ന ആശയം വലുത് എന്നതില്‍ ബാലഗോകുലവും കുഞ്ഞുണ്ണിമാഷും പരസ്പര പൂരകം. ഗോകുലം ക്ലാസ് എടുക്കുന്നതിലും സംഘാടനത്തിലും ഉത്തമ മാതൃകായായിരുന്നു കുഞ്ഞുണ്ണിമാഷ്‌.