ഭക്തിസാന്ദ്രമായ ദൃശ്യങ്ങളാണ് ശോഭായാത്രയിൽ നാം കാണുന്നത്, കാരണം നമ്മുടെ അന്തർധാര ആദ്ധ്യാത്മികതയാണ്, അതു കൊണ്ട് തന്നെയാണ് “ജന്മാഷ്ടമി” നമ്മെ രൂപപ്പെടുത്തുന്ന മുഹൂർത്തമായി മാറുന്നതും ആബാലവൃദ്ധം ജനങ്ങൾ ശോഭായാത്രയിൽ അണിനിരക്കുന്നതും.

ജി-20 സമ്മേളനത്തിൽ പ്രകൃതിക്ക് അനുകൂലമായ ജീവിതശൈലി വീണ്ടെടുക്കണം എന്ന് അംഗീകരിക്കപ്പെടുന്നു. വർത്തമാനകാല ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നതും മറ്റൊന്നിലേക്കല്ല. നമുക്ക് നമ്മെ രൂപപ്പെടുത്താൻ രാമായണവും , മഹാഭാരതവും അനിവാര്യം. ആരണ്യകാണ്ഡവും, വനപർവ്വവും നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്‌.

ആദർശാത്മകമായി ചിട്ടപ്പെടുത്തിയ ജീവിതത്തിൻ്റെ പാരസ്പരികതയാണ് മൂല്യം. ഇത് ചെറുപ്പത്തിലേ കുട്ടികൾക്ക് നൽകിയാൽ അവർ വിശ്വപൗരന്മാരായി വളരും. അത്തരം പൗരബോധത്തിൻ്റെ ഉദാത്തതയാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. ഇതിൻ്റെ സഫലതയാണ് ബാലഗോകുലത്തിൻ്റെ പ്രതിവാര ക്ലാസുകൾ..

ഭഗവാൻ ശ്രീകൃഷ്ണനിലൂടെ ഭഗവത്ഗീതയെയും, ഭഗവത്ഗീതയിലൂടെ ശ്രീകൃഷ്ണനേയും അന്വേഷിച്ചറിയാൻ കഴിയുന്ന ഒരവബോധം വളർന്ന് വികസിക്കേണ്ടതുണ്ട്, അതിനെ ത്വരിതപ്പെടുത്താൻ നമുക്ക് കഴിയട്ടെ.. ബാലഗോകുലത്തെ എല്ലാ അർത്ഥത്തിലും നമുക്ക് ശക്തിപ്പെടുത്താം. ചരിത്രപരമായ കടമ നിർവ്വഹിച്ച് കൊണ്ട് നമുക്ക് ശോഭായാത്രയിൽ അണിചേരാം. അങ്ങനെ അറിവിനെ തിരിച്ചറിവായും, കരുത്തിനെ ഉൾക്കരുത്തായും, കാഴ്ചയെ ഉൾക്കാഴ്ചയായും മാറ്റാൻ നമുക്ക് സാധിക്കുമാറാകട്ടെ. ഗോവർദ്ധനോദ്ധാരകനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനാഘോഷത്തിൽ പങ്ക് ചേർന്ന് ഭഗവത് കടാക്ഷം നേടാം.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ട് ജന്മം പവിത്രം. ശ്രീകൃഷ്ണന്റെ ജീവിതവും ഈ വാകൃത്തില്‍ സൂചിതമാണ്.

പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ചു വളര്‍ന്ന കണ്ണന്‍ രാഷ്ട്ര രക്ഷകനായി വളരുകകയായിരുന്നു. ശ്രീകൃഷ്ണന്‍ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്പോഴും മണ്ണിനു വേണ്ടി പൊരുതുമ്പോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി
ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്.