ശോഭായാത്ര
അടിയന്തരാവസ്ഥക്കു ശേഷം ബാലഗോകുലം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ബാലഗോകുലത്തിനു വര്‍ഷികദിനം വേണമെന്നും ശ്രീകൃഷ്ണജയന്തി അതിനുള്ള അവസരമാണെന്നും നിര്‍ദ്ദേശമുണ്ടായി. ശോഭായാത്രകളുടെ തുടക്കം 1977 ലാണ്. തളി സാമൂതിരി സ്‌കൂളില്‍നിന്ന് തുടങ്ങി നഗരം ചുറ്റി അവിടെ തന്നെ അവസാനിച്ചു. നഗരത്തിനു പുതുമ പകര്‍ന്ന ഈ ശോഭായാത്രയാണ് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ചത്. 1977 ലെ ശോഭായാത്രയില്‍ പങ്കെടുത്ത കുഞ്ഞുണ്ണി മാസ്റ്റര്‍ പ്രവചിച്ചു: കേരളം ശ്രീകൃഷ്ണ ജയന്തി നാളില്‍ അമ്പാടിയാവട്ടെ. ഈ പ്രവചനം വൈകാതെ സത്യമായി ഭവിച്ചു. ശ്രീകൃഷ്ണ ജയന്തി ക്ഷേത്രങ്ങളില്‍ ഒതുങ്ങിനിന്ന കാലമായിരുന്നു അത്. അന്ന് പൊതു അവധി ഉണ്ടായിരുന്നില്ല. 1978 ലെ ശ്രീകൃഷ്ണ ജയന്തി സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം.എം നായര്‍ ഭഗവദ് ഗീതാ സ്റ്റാമ്പ് പുറത്തിറക്കി. ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് യാദവറാവു ജോഷി പങ്കെടുത്തു. കോഴിക്കോടിനുപുറമെ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും ശോഭായാത്ര നടന്നു.
1978 ബാലഗോകുലം ചരിത്രത്തില്‍ സുപ്രധാന വര്‍ഷമാണ്. പാഠ്യപദ്ധതി തയ്യാറാക്കിയതും പ്രാര്‍ത്ഥനാ ഗീതവും മംഗളശ്ലോകവും തീരുമാനിച്ചതും ഈ വര്‍ഷമാണ്. പ്രശസ്ത കവി എന്‍.എന്‍.കക്കാടാണ് കരുണാ ‘മുരളീധാരാ…’ എന്ന പ്രാര്‍ത്ഥനാഗീതം എഴുതിയത്. പ്രാര്‍ത്ഥന ചൊല്ലാനുള്ള ഒരു മത്സരം വെച്ചു. അതില്‍ തളി ടാഗോര്‍ ബാലഗോകുലത്തിലെ മഞ്ജു പാടിയ ട്യൂണ്‍ ആണ് അംഗീകരിക്കപ്പെട്ടത്. സര്‍വ്വേപി സുഖിനഃസന്തു എന്ന മംഗളശ്ലോകവും അംഗീകരിച്ചു. ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം പ്രസാദം നല്‍കണമെന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ നിര്‍ദ്ദേശവും സ്വീകരിക്കപ്പെട്ടു. ജന്മാഷ്ടമി ഒഴിവു ദിനമാക്കണമെന്ന് ആവശ്യം 1989 ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചത് ബാലഗോകുലത്തിന്റെ നേട്ടമാണ്.