ശോഭായാത്ര – ‘പുണ്യമീ മണ്ണ്; പവിത്രമീ ജന്മം’

ശോഭായാത്ര – ‘പുണ്യമീ മണ്ണ്; പവിത്രമീ ജന്മം’

ഭക്തിസാന്ദ്രമായ ദൃശ്യങ്ങളാണ് ശോഭായാത്രയിൽ നാം കാണുന്നത്, കാരണം നമ്മുടെ അന്തർധാര ആദ്ധ്യാത്മികതയാണ്, അതു കൊണ്ട് തന്നെയാണ് “ജന്മാഷ്ടമി” നമ്മെ രൂപപ്പെടുത്തുന്ന മുഹൂർത്തമായി മാറുന്നതും ആബാലവൃദ്ധം ജനങ്ങൾ ശോഭായാത്രയിൽ അണിനിരക്കുന്നതും.

ജി-20 സമ്മേളനത്തിൽ പ്രകൃതിക്ക് അനുകൂലമായ ജീവിതശൈലി വീണ്ടെടുക്കണം എന്ന് അംഗീകരിക്കപ്പെടുന്നു. വർത്തമാനകാല ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നതും മറ്റൊന്നിലേക്കല്ല. നമുക്ക് നമ്മെ രൂപപ്പെടുത്താൻ രാമായണവും , മഹാഭാരതവും അനിവാര്യം. ആരണ്യകാണ്ഡവും, വനപർവ്വവും നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്‌.

ആദർശാത്മകമായി ചിട്ടപ്പെടുത്തിയ ജീവിതത്തിൻ്റെ പാരസ്പരികതയാണ് മൂല്യം. ഇത് ചെറുപ്പത്തിലേ കുട്ടികൾക്ക് നൽകിയാൽ അവർ വിശ്വപൗരന്മാരായി വളരും. അത്തരം പൗരബോധത്തിൻ്റെ ഉദാത്തതയാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. ഇതിൻ്റെ സഫലതയാണ് ബാലഗോകുലത്തിൻ്റെ പ്രതിവാര ക്ലാസുകൾ..

ഭഗവാൻ ശ്രീകൃഷ്ണനിലൂടെ ഭഗവത്ഗീതയെയും, ഭഗവത്ഗീതയിലൂടെ ശ്രീകൃഷ്ണനേയും അന്വേഷിച്ചറിയാൻ കഴിയുന്ന ഒരവബോധം വളർന്ന് വികസിക്കേണ്ടതുണ്ട്, അതിനെ ത്വരിതപ്പെടുത്താൻ നമുക്ക് കഴിയട്ടെ.. ബാലഗോകുലത്തെ എല്ലാ അർത്ഥത്തിലും നമുക്ക് ശക്തിപ്പെടുത്താം. ചരിത്രപരമായ കടമ നിർവ്വഹിച്ച് കൊണ്ട് നമുക്ക് ശോഭായാത്രയിൽ അണിചേരാം. അങ്ങനെ അറിവിനെ തിരിച്ചറിവായും, കരുത്തിനെ ഉൾക്കരുത്തായും, കാഴ്ചയെ ഉൾക്കാഴ്ചയായും മാറ്റാൻ നമുക്ക് സാധിക്കുമാറാകട്ടെ. ഗോവർദ്ധനോദ്ധാരകനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനാഘോഷത്തിൽ പങ്ക് ചേർന്ന് ഭഗവത് കടാക്ഷം നേടാം.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ട് ജന്മം പവിത്രം. ശ്രീകൃഷ്ണന്റെ ജീവിതവും ഈ വാകൃത്തില്‍ സൂചിതമാണ്.

പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ചു വളര്‍ന്ന കണ്ണന്‍ രാഷ്ട്ര രക്ഷകനായി വളരുകകയായിരുന്നു. ശ്രീകൃഷ്ണന്‍ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്പോഴും മണ്ണിനു വേണ്ടി പൊരുതുമ്പോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി
ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്.

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അധ്യാത്മാനന്ദ സരസ്വതിക്ക് (2023)

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അധ്യാത്മാനന്ദ സരസ്വതിക്ക് (2023)

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക, ആദ്ധ്യാത്മിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സ്വാമി ചിദാനന്ദപുരി, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡി.നാരായണ ശര്‍മ്മ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സെപ്റ്റബര്‍ മൂന്നിന് വളളിക്കാവില്‍ നടക്കുന്ന ചടങ്ങില്‍ മാതാ അമൃതാനന്ദ മയി ദേവി പുരസ്‌കാരം സമ്മാനിക്കും. ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള സമ്മേളനം ഉദ്ഘ്ടാനം ചെയ്യും.

സ്വാമി ചിന്മയാനന്ദന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്വാമി അധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നൂതന പരിപാടികള്‍ സമാനതകളില്ലാത്തതാണ്. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെയും ഭാഗവത സപ്താഹങ്ങളിലൂടെയും ഉപനിഷത്ത് പ്രഭാഷണങ്ങളിലൂടെയും ആത്മീയവും ലൗകികവും സമന്വയിപ്പിച്ച് സ്വാമിജി അന്വേഷകരെ ശാക്തീകരിക്കുന്നു. വാല്‍മീകി രാമായണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ലോകമെമ്പാടുമുള്ള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. കുട്ടികളോടുള്ള സ്വാമിജിയുടെ സ്‌നേഹസംവാദങ്ങള്‍ അവരിലെ കൃഷ്ണാവബോധത്തെ ഉണര്‍ത്താന്‍ സഹായകമാണെന്ന് പുരസ്‌കാര സമതി വിലയിരുത്തി

ഇരുപത്തിയേഴാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപി,ജി വേണുഗോപാല്‍, തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം നേടി.

ജന്മാഷ്ടമി സന്ദേശം 2023

ജന്മാഷ്ടമി സന്ദേശം 2023

വാക്കിനും വർണനയ്ക്കും അപ്പുറത്തുള്ള അദ്ഭുതസത്യമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. വേണുഗാനവും പാഞ്ചജന്യവും ആ അദ്ഭുതത്തിന്റെ ഇരുവശങ്ങളാണ്. ചെറുശ്ശേരിയ്ക്ക് ഉണ്ണിക്കണ്ണനായും എഴുത്തച്ഛനു മണിവർണനായും പൂന്താനത്തിന് അഞ്ജനശ്രീധരനായും അനുഗ്രഹമരുളിയ ദിവ്യസൗന്ദര്യം. എഴുതിത്തീർക്കാനാവാത്ത കവിത. പൂർണമാവാത്ത വർണചിത്രം. ഭാഷയ്ക്കും സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ നിത്യവസന്തം. ഭാരതം ലോകത്തിന് സമ്മാനിച്ച മധുരോദാരമായ ബാല്യസങ്കല്പമാണ് ഈ ഗോകുലബാലൻ .

ഇന്ന് ബാല്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് മൂല്യശോഷണം. അതിന്റെ കെടുതികളാണ് ആസക്തിയും ലഹരിയും ആത്മഹത്യയും മറ്റും. മൂല്യം നുകർന്നു വളരുക മാത്രമാണ് പരിഹാരം. മനുഷ്യൻ മൃഗത്തിൽനിന്നു വ്യത്യസ്തനാവുന്നത് മൂല്യബോധം കൊണ്ടുമാത്രമാണ്. മുതിർന്ന തലമുറ പകർന്നു നല്കുന്ന മൂല്യങ്ങളുടെ തണലിലാണ് ബാല്യം കളിച്ചു വളരേണ്ടത്.

“അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും ” എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം. അമ്പാടിയെ വിഷപൂരിതമാക്കിയ കാളിയനുമേൽ ഉണ്ണിക്കണ്ണൻ നേടിയ വിജയം നമുക്കു പ്രചോദനമാണ്. ബാല്യം ദൃഢനിശ്ചയത്തോടെ ചുവടുവയ്ക്കുമ്പോൾ ലഹരിയുടെ നീരാളിക്കൈകൾ തളർന്നു താഴും . അതിനുള്ള സർഗ്ഗാത്മകമായ ആഹ്വാനമാണ് ഈ സന്ദേശം.

” ജീവിതം ഈശ്വരൻ എനിക്കു നല്കിയ സമ്മാനമാണ്. എന്റെ നാടിന്റെ മുന്നേറ്റമാണ് എന്റെ ലക്ഷ്യം. വഴി തെറ്റിക്കാൻ വരുന്ന ലഹരി വിപത്തുകളെ ഞാൻ തിരിച്ചറിയുന്നു. അതിന് ഇരയായിത്തീരാൻ ഞാൻ തയ്യാറല്ല. ഭഗവാൻ ശ്രീകൃഷ്ണനെ ആദർശമായി സ്വീകരിച്ച് വീടിനും നാടിനും ഞാൻ വെളിച്ചമായിമാറും. ലഹരി ഉപയോഗിക്കില്ലെന്നും ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കുമെന്നും ജന്മാഷ്ടമിദിനത്തെ സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ”

ഇതാവട്ടെ നമ്മുടെ പ്രജ്ഞയും പ്രതിജ്ഞയും.

സ്നേഹപൂർവം
ഗോപിച്ചേട്ടൻ