തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക, ആദ്ധ്യാത്മിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്വാമി ചിദാനന്ദപുരി, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡി.നാരായണ ശര്‍മ്മ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സെപ്റ്റബര്‍ മൂന്നിന് വളളിക്കാവില്‍ നടക്കുന്ന ചടങ്ങില്‍ മാതാ അമൃതാനന്ദ മയി ദേവി പുരസ്‌കാരം സമ്മാനിക്കും. ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള സമ്മേളനം ഉദ്ഘ്ടാനം ചെയ്യും.
സ്വാമി ചിന്മയാനന്ദന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്വാമി അധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നൂതന പരിപാടികള്‍ സമാനതകളില്ലാത്തതാണ്. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെയും ഭാഗവത സപ്താഹങ്ങളിലൂടെയും ഉപനിഷത്ത് പ്രഭാഷണങ്ങളിലൂടെയും ആത്മീയവും ലൗകികവും സമന്വയിപ്പിച്ച് സ്വാമിജി അന്വേഷകരെ ശാക്തീകരിക്കുന്നു. വാല്‍മീകി രാമായണത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ലോകമെമ്പാടുമുള്ള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. കുട്ടികളോടുള്ള സ്വാമിജിയുടെ സ്‌നേഹസംവാദങ്ങള്‍ അവരിലെ കൃഷ്ണാവബോധത്തെ ഉണര്‍ത്താന്‍ സഹായകമാണെന്ന് പുരസ്‌കാര സമതി വിലയിരുത്തി
ഇരുപത്തിയേഴാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപി,ജി വേണുഗോപാല്‍, തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം നേടി.