വാക്കിനും വർണനയ്ക്കും അപ്പുറത്തുള്ള അദ്ഭുതസത്യമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. വേണുഗാനവും പാഞ്ചജന്യവും ആ അദ്ഭുതത്തിന്റെ ഇരുവശങ്ങളാണ്. ചെറുശ്ശേരിയ്ക്ക് ഉണ്ണിക്കണ്ണനായും എഴുത്തച്ഛനു മണിവർണനായും പൂന്താനത്തിന് അഞ്ജനശ്രീധരനായും അനുഗ്രഹമരുളിയ ദിവ്യസൗന്ദര്യം. എഴുതിത്തീർക്കാനാവാത്ത കവിത. പൂർണമാവാത്ത വർണചിത്രം. ഭാഷയ്ക്കും സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ നിത്യവസന്തം. ഭാരതം ലോകത്തിന് സമ്മാനിച്ച മധുരോദാരമായ ബാല്യസങ്കല്പമാണ് ഈ ഗോകുലബാലൻ .

ഇന്ന് ബാല്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് മൂല്യശോഷണം. അതിന്റെ കെടുതികളാണ് ആസക്തിയും ലഹരിയും ആത്മഹത്യയും മറ്റും. മൂല്യം നുകർന്നു വളരുക മാത്രമാണ് പരിഹാരം. മനുഷ്യൻ മൃഗത്തിൽനിന്നു വ്യത്യസ്തനാവുന്നത് മൂല്യബോധം കൊണ്ടുമാത്രമാണ്. മുതിർന്ന തലമുറ പകർന്നു നല്കുന്ന മൂല്യങ്ങളുടെ തണലിലാണ് ബാല്യം കളിച്ചു വളരേണ്ടത്.

“അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും ” എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം. അമ്പാടിയെ വിഷപൂരിതമാക്കിയ കാളിയനുമേൽ ഉണ്ണിക്കണ്ണൻ നേടിയ വിജയം നമുക്കു പ്രചോദനമാണ്. ബാല്യം ദൃഢനിശ്ചയത്തോടെ ചുവടുവയ്ക്കുമ്പോൾ ലഹരിയുടെ നീരാളിക്കൈകൾ തളർന്നു താഴും . അതിനുള്ള സർഗ്ഗാത്മകമായ ആഹ്വാനമാണ് ഈ സന്ദേശം.

” ജീവിതം ഈശ്വരൻ എനിക്കു നല്കിയ സമ്മാനമാണ്. എന്റെ നാടിന്റെ മുന്നേറ്റമാണ് എന്റെ ലക്ഷ്യം. വഴി തെറ്റിക്കാൻ വരുന്ന ലഹരി വിപത്തുകളെ ഞാൻ തിരിച്ചറിയുന്നു. അതിന് ഇരയായിത്തീരാൻ ഞാൻ തയ്യാറല്ല. ഭഗവാൻ ശ്രീകൃഷ്ണനെ ആദർശമായി സ്വീകരിച്ച് വീടിനും നാടിനും ഞാൻ വെളിച്ചമായിമാറും. ലഹരി ഉപയോഗിക്കില്ലെന്നും ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കുമെന്നും ജന്മാഷ്ടമിദിനത്തെ സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ”

ഇതാവട്ടെ നമ്മുടെ പ്രജ്ഞയും പ്രതിജ്ഞയും.

സ്നേഹപൂർവം
ഗോപിച്ചേട്ടൻ